വാഷിങ്ടണ്‍: റഷ്യക്ക് തിരിച്ചടിയായി ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി യു.എസ്. റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകി. റഷ്യ യുക്രൈൻ വാറിൽ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമാണ് ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബൈഡന്‍റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
വിലക്ക് നീക്കയിതിന് പിന്നാലെ ആദ്യഘട്ടമായി പശ്ചിമ റഷ്യയിലെ കസ്‌ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ - ഉത്തര കൊറിയന്‍ സംയുക്ത സേനയ്ക്കെതിരെയാകും യുക്രൈന്‍റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പുതിയ തീരുമാനം സംബന്ധിച്ച് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളുണ്ടായിട്ടില്ല. എന്നാൽ വാർത്തകൾ സ്ഥിരീകരിക്കുന്നതാണ് യുക്രൈൻ പ്രസിഡന്‍റ് വൊളോദിമർ സെലൻസ്കിയുടെ പ്രതികരണം.
മാധ്യമങ്ങളിലെ ചർച്ച ഉചിതമായ നടപടി സ്വീകരിക്കാൻ അനുമതി ലഭിച്ചെന്നാണ്, വാക്കുകൾ കൊണ്ടല്ല പോരാട്ടം നടക്കേണ്ടത്. അതിനാൽ അത്തരം കാര്യങ്ങളൊന്നും പ്രഖ്യാപിക്കുന്നില്ല, മറുപടി മിസൈലുകൾ പറയുമെന്നുമായിരുന്നു സെലൻസിയുടെ പ്രതികരണം. വരും ദിവസങ്ങളിൽ ആദ്യത്തെ ദീർഘദൂര ആക്രമണം നടത്താൻ ഉക്രെയ്ൻ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 190 മൈൽ (306 കിലോമീറ്റർ) വരെ ദൂരപരിധിയുള്ള റോക്കറ്റുകൾ ഉപയോഗിച്ചായിരിക്കും റഷ്യക്ക് മേൽ യുക്രൈൻ സ്ട്രൈക്ക് നടത്തുക.